തിരുവനന്തപുരം: കേരളത്തില്‍ വരുന്ന ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
ഒക്ടോബര്‍ 30 ന് ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും, ഒക്ടോബര്‍ 31 ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ അടുത്ത 24 മണിക്കൂറില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതിനാല്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊണ്ടിട്ടുണ്ട്. കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതല്‍ ശക്തി പ്രാപിക്കാനും ഒക്ടോബർ 31 ന് ലക്ഷദ്വീപ്- മാലദ്വീപ് മേഖലക്ക് മുകളിലായി അതിതീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചത്. മല്‍സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കേരള തീരത്തും കന്യാകുമാരി- മാലദ്വീപ് ലക്ഷദ്വീപ് തീരത്തും , അറബിക്കടലിന്റെ ഒരുപ്രദേശത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും. പോയവര്‍ ഏറ്റവും അടുത്തുള്ള തീരത്ത് എത്രയും വേഗം എത്തിച്ചേരേണ്ടതാണെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
No comments:
Post a Comment