Search Bar

LightBlog
LightBlog

Tuesday, October 22, 2019

കേരളത്തിലെ മുസ്‌ലിം വോട്ടില്‍ കണ്ണുവെച്ച്‌ ബി.ജെ.പി. കേന്ദ്രനേതൃത്വം

കണ്ണൂര്‍: ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായി എ.പി. അബ്ദുള്ളക്കുട്ടിയെ നിയമിച്ച ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ പൊടുന്നനെയുള്ള നീക്കത്തിനുപിന്നില്‍ കേരളത്തിലെ മുസ്‌ലിം വോട്ടുബാങ്ക്. ബി.ജെ.പി.യില്‍ ചേര്‍ന്നശേഷം മാസങ്ങള്‍ക്കകമാണ് അബ്ദുള്ളക്കുട്ടിയെ സംസ്ഥാന വൈസ് പ്രസിഡന്‍റാക്കുന്നത്. ഇത് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യപ്രകാരമല്ലെന്ന് വ്യക്തം. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അബ്ദുള്ളക്കുട്ടി മുന്‍പന്തിയിലുണ്ടായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബി.ജെ.പി. മുന്നേറ്റം ഉണ്ടായപ്പോള്‍ കേരളം രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസ്സിനുമൊപ്പമായിരുന്നു. അമേഠിയില്‍ അരലക്ഷത്തിനു തോറ്റ രാഹുല്‍ഗാന്ധിക്ക് വയനാട്ടില്‍ ലഭിച്ചത് നാലു ലക്ഷത്തിലധികം ഭൂരിപക്ഷം. കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷ വോട്ടില്‍ മഹാഭൂരിഭാഗവും യു.ഡി.എഫിനൊപ്പം ചാഞ്ഞതാണ് ഇത്ര വലിയ വിജയത്തിന് കാരണമെന്ന് ബി.ജെ.പി. തിരിച്ചറിഞ്ഞു.
മുസ്‌ലിം വിരുദ്ധ പാര്‍ട്ടി എന്ന പേരുദോഷം കഴുകിക്കളയാനുള്ള നീക്കമാണ് അബ്ദുള്ളക്കുട്ടിക്ക് ലഭിച്ച സ്ഥാനം. പേരിനു ചില മുസ്‌ലിം നേതാക്കള്‍ പാര്‍ട്ടിക്കൊപ്പമുണ്ടെങ്കിലും അവര്‍ക്കൊന്നും ഉന്നതപദവി ബി.ജെ.പി. നല്‍കിയിട്ടില്ല. അബ്ദുള്ളക്കുട്ടി രണ്ടുതവണ സി.പി.എം. എം.പി.യായിരുന്നു. രണ്ടുതവണ കോണ്‍ഗ്രസ് എം.എല്‍.എയും. ഈ രണ്ടു പാര്‍ട്ടിയിലും സംസ്ഥാന തലത്തിലോ ജില്ലാതലത്തിലോ മുതിര്‍ന്ന ഭാരവാഹിത്വം ലഭിച്ചിരുന്നുമില്ല.
രാജ്യത്ത് മുസ്‌ലിം വോട്ടുകള്‍ ശക്തികേന്ദ്രമായ സംസ്ഥാനമാണ് കേരളം. 140 മണ്ഡലങ്ങളിലും നിര്‍ണായകസ്ഥാനം ഈ വോട്ട് ബാങ്കിനുണ്ടെന്ന് ബി.ജെ.പി.ക്കറിയാം. അബ്ദുള്ളക്കുട്ടിയുടെ സ്ഥാനം ബി.ജെ.പി.യെ മുസ്‌ലിം വിരുദ്ധ പാര്‍ട്ടിയെന്ന പൊതുമനോഭാവം മാറ്റുന്നതിന് സഹായകമായേക്കുമെന്ന് കേന്ദ്രനേതൃത്വം കരുതുന്നു.
കേരളത്തിലെ ബി.ജെ.പി.യിലെ ഗ്രൂപ്പുപോരും വളര്‍ച്ചാമുരടിപ്പും ഗൗരവമായാണ് കേന്ദ്രനേതൃത്വം കാണുന്നത്. യു.പി., ബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുസ്‌ലിം വോട്ടുകള്‍ കുറെയൊക്കെ നേടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ അങ്ങനെയല്ല. കൃസ്ത്യന്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് കുറെ നേതാക്കളെ ബി.ജെ.പി.ക്ക് ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ശ്രമമാണ് തന്നെ നിയമിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് അബ്ദുള്ളക്കുട്ടിതന്നെ പറയുന്നുണ്ട്.

No comments:

Post a Comment

Adbox