തിരുവനന്തപുരം : വിവാദമായ വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണവുമായി ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. കേസില്‍ തെളിവെടുപ്പിനായി വന്ന ദേശീയ ബാലാവകാശ കമ്മിഷന്‍ അംഗങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം പോലും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.
തെളിവെടുപ്പിനായി ദേശീയ ബലാവകാശ കമീഷന്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ പോലും വിട്ടുനിന്നെന്ന് കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി. കുട്ടികളുടെ മാതാപിതാക്കളെ തെളിവെടുപ്പില്‍ നിന്ന് വിട്ടുനിര്‍ത്താനായി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. എന്തുകൊണ്ടാണ് സിപിഎം നേതാക്കള്‍ പരസ്യമായി പ്രതികരിക്കാത്തതെന്ന് ചോദിച്ച കുമ്മനം കേസില്‍ സിപിഎമ്മിന് പങ്കുണ്ടെന്നും ആരോപിച്ചു.
വാളയാര്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം. മുഖ്യമന്ത്രി എങ്ങനെയാണ് അസ്വാഭാവിക മരണം എന്നും ആത്മഹത്യ എന്നും പറയുന്നതെന്നും കുമ്മനം ചോദിച്ചു. കുറ്റക്കാരെ രക്ഷപെടുത്തുന്ന രീതിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നാളെ (നവംബര്‍ ഒന്നിന്) സെക്രട്ടേറിയേറ്റ് പടിക്കല്‍ ബിജെപിയുടെ ഉപവാസ സമരം ആരംഭിക്കും.
അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐയുടെ ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്ന് കുമ്മനം ചോദിച്ചു. സംഭവത്തില്‍ ഏറെ ദുരൂഹത ഉണ്ട്. നടന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ജനങ്ങളോട് തുറന്ന് പറയണം. ഇതേക്കുറിച്ചു അന്വേഷണം നടത്തണം. ആരെയും ഏകപക്ഷീയമായി വെടിവച്ചു കൊല്ലുന്നതിനോട് യോജിപ്പില്ലെന്നും ഭരണകക്ഷിയുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
No comments:
Post a Comment