കോഴിക്കോട്: അറബിക്കടലില്‍ രൂപം കൊണ്ട മഹ ചുഴലിക്കാറ്റ് കേരള തീരം വിട്ടു. ചുഴലിക്കാറ്റിന്‍റെ പ്രഭാവം കേരള തീരത്ത് കുറഞ്ഞെങ്കിലും ഇന്നും നാളെയും സംസ്ഥാനത്തുടനീളം പരക്കെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മഹ കേരള തീരത്ത് നിന്നും 500 കിലോമീറ്റര്‍ അകലേക്ക് മാറി കര്‍ണാടക, ഗോവ മേഖലയിലാണുള്ളത്. കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് ഇത് ഒമാന്‍ തീരത്തേക്ക് പോകും.
മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയാണ് ഇന്ന് ചുഴലിക്കാറ്റിന്‍റെ വേഗം. കേരളത്തിലെ തീരദേശ മേഖലയിലും മലയോര മേഖലയിലും ചിലനേരങ്ങളില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അതിതീവ്രമഴയ്ക്ക് സാധ്യതയുള്ള ലക്ഷ ദ്വീപില്‍ റെഡ് അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
കേരള തീരത്ത് ശനിയാഴ്ച്ച വരെ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. അതിനിടെ, വടകരയില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൂടി തിരിച്ചെത്തി. ആഷിക്ക്, ലത്തീഫ് എന്നിവരാണ് കോസ്റ്റ് ഗാര്‍ഡിന്‍റെ സഹായത്തോടെ തിരിച്ചെത്തിയത്. മൂന്നുപേര്‍ ഇന്നലെ തിരിച്ചെത്തിയിരുന്നു. ഇതോടെ കാണാതായ അഞ്ചുപേരും തിരിച്ചെത്തി.
No comments:
Post a Comment